ക്യുങ്‌ദോ (ചൈന): അതിമോഹനം എന്ന് കരുതുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍ഷ്യേറ്റീവ് (ബ്രി) പദ്ധതിയെ എട്ടംഗ ഷാന്‍ഘായി സഹകരണ സംഘടന(എസ്‌സിഒ)യില്‍ ഇന്ത്യ മാത്രം അംഗീകരിച്ചില്ല. ഏതാണ്ട് 60 ഓളം രാജ്യങ്ങളും രാജ്യാന്തര സംഘടകളും ആയി ചൈന കരാറില്‍ ഒപ്പുവച്ച ബ്രി യെ അംഗീകരിക്കാന്‍ ഇന്ത്യ ഇന്ന് വിസമ്മതിക്കുകയായിരുന്നു.
റഷ്യ, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍, ക്രിജിസ്തന്‍, തജിക്സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ബ്രി ക്ക് പിന്തുണ ആവര്‍ത്തിച്ചെന്ന് രണ്ടു ദിവസത്തെ എസ്‌സിഒ സമ്മേളനത്തിന്റെ സമാപനത്തില്‍ പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ പറയുന്നു.
രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഏതൊരു മെഗാ പദ്ധതിയും രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തി ഉദ്ഗ്രഥനവും ബഹുമാനിക്കുന്നതാകണമെന്നു ബ്രി യെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറയുകയുണ്ടായി. സുതര്യമായ അത്തരത്തിലുള്ള പദ്ധതിക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
പ്രസിഡന്റ് സി ജിന്‍പിങിന്റെ പ്രിയ പദ്ധതിയാണ് ബ്രി. 50 ബില്യണ്‍ യുഎസ് ഡോളറിന്റെ ഈ ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ബ്രി യുടെ ഭാഗമാണ്. ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പാകിസ്ഥാന്‍ അധീന കശ്മീരിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ബ്രി യെ ഇന്ത്യ എതിര്‍ക്കുകയാണ്. ഇന്ത്യയുടെ പരമാധികാരവും അതിര്‍ത്തി ഭദ്രതയും അവഗണിക്കുന്ന പദ്ധതി അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ ഏഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ കടല്‍-സമുദ്ര മാര്‍ഗങ്ങളില്‍ ബന്ധിപ്പിക്കുന്ന ബ്രി പദ്ധതി 2013ലാണ് ചൈന പ്രഖ്യാപിച്ചത്.
പദ്ധതിക്കായി ഏതാണ്ട് 126 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചൈന മുതല്‍ മുടക്കുമെന്ന് പ്രസിഡന്റ് സി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ചൈനയുടെ രാജ്യാന്തര സ്വാധീനം വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് നിരവധി രാജ്യങ്ങള്‍ സംശയിക്കുന്നു.
ഷംഘായി കോര്‍പ്പറേഷന്‍ സംഘടന(എസ്‌സിഒ)യുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് സ്വീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here