ചരിത്ര ഉച്ചകോടിയില്‍ സമഗ്ര കരാര്‍
സിങ്കപ്പൂര്‍: പഴയതൊക്കെ മറക്കാം-നാലു മണിക്കൂര്‍ നീണ്ട ചരിത്രപരമായ ഉച്ചകോടിക്കുശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ്-ഉന്നും പ്രഖ്യാപിച്ചു.
പൂര്‍ണ ആണവനിരായുധികരണം ഉടനെന്ന ഉന്നിന്റെ പ്രസ്താവനയും, ഉത്തര കൊറിയന്‍ നേതാവിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതും ലോക സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തി.
ഇരുനേതാക്കളും ”വളരെ സമഗ്രമായ കാരാറില്‍” ഒപ്പുവച്ചു. കരാറിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. താമസിയാതെ ഇത് പുറത്തുവിടുമെന്ന് ട്രംപ് പറഞ്ഞു.
ആദ്യം പരിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു 71 കാരനായ ട്രംപിന്റെയും 34 കാരനായ ഉന്നിന്റെയും കൂടിക്കാഴ്ച. പിന്നാലെ ഉന്നത അധികൃതര്‍ ഉള്‍പ്പെട്ട വിപുലമായ യോഗം നടന്നു. സെന്റോസ ദ്വീപിലെ കപേല സിങ്കപ്പൂര്‍ ഹോട്ടലിലായിരുന്നു ചരിത്രപരമായ കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റും വടക്കന്‍ കൊറിയയുടെ ഉന്നത നേതാവും ഒന്നിച്ചിരിക്കുന്നത് ഇതാദ്യമായിട്ടാണ്.
പഴയ കാലം മാറക്കാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും, ലോകം സമഗ്ര മാറ്റം കാണാന്‍ പോകുകയാണെന്നും ട്രംപിനൊപ്പം ഉന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് സംഭവിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും, ലോകത്തെ അതീവ അപകടരമായ പ്രശ്‌നങ്ങളില്‍ രണ്ടു നേതാക്കളും ശ്രദ്ധചെലുത്തുമെന്നും ട്രംപ് പറഞ്ഞു.
രണ്ട് നേതാക്കളും വീണ്ടും കാണുമോ എന്ന ചോദ്യത്തിന് ട്രംപ് ഇങ്ങനെ പ്രതികരിച്ചു: ”ഞങ്ങള്‍ വീണ്ടും കാണും, പലതവണ ഞങ്ങള്‍ കാണും.”
മുറിവിടുമ്പോള്‍ ഇരുവരും പരസ്പരം മുതുകില്‍ തട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here