തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയുടെ ഇരയാണ് താനെന്നു സുധീരന്‍ പ്രസ്താവിച്ചു.
ഗ്രൂപ്പ് വൈരത്തിന്റെ ഇരയായിട്ടാണ് താന്‍ പടിയിറങ്ങിയതെന്ന് പറഞ്ഞ സുധീരന്‍, ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചതിനാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നു വ്യക്തമാക്കി.
ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാസംവിധാനം ശരിയായ രീതിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് നേതാക്കളുടെ ഇടപെടല്‍ സംഘടനാസംവിധാനത്തില്‍ പിഴവ് വരുത്താന്‍ കാരണമായി ഇതുമൂലമാണ് താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചതെന്ന് വിഎം സുധീരന്‍ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഗ്രൂപ്പ് പ്രവര്‍ത്തനം ദയവായി അവസാനിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തെണമെന്ന് ഇന്നത്തെ യോഗത്തിലും താന്‍ ആവശ്യപ്പെട്ടതായി സുധീരന്‍ അറിയിച്ചു.
പാര്‍ടിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല ഗ്രൂപ്പ് ശക്തിപ്പെടണമെന്നാണ് നേതാക്കന്‍മാരുടെ ആവശ്യം ഇത് മാറേണ്ട നിലപാടാണെന്നും സുധീരന്‍ പറഞ്ഞു. ഗ്രൂപ്പ് അതിപ്രസര ശൈലിയില്‍ നിന്നും നേതാക്കള്‍ മാറണം. അല്ലാത്തപക്ഷം പാര്‍ടി രക്ഷപ്പെടില്ല ഇതേ അവസ്ഥയില്‍ തുടരുമെന്നും സുധീരന്‍ പറഞ്ഞു.
മിടുക്കും കഴുവും ജനസ്വീകാര്യതയുമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ജനകീയ പ്രശ്നങ്ങളിലും ജീവല്‍ പ്രശ്നങ്ങളിലും സജീവമായി പാര്‍ട്ടി ഇടപെടണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് 20 വര്‍ഷം പൂര്‍ത്തിയായവര്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് നിര്‍ദ്ദേശം വച്ചിരുന്നു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം കിട്ടാനാണ് അത് പറഞ്ഞത്.
അതേസമയം ഇന്നത്തെ കെപിസിസി നേതൃയോഗത്തില്‍ സുധീരനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. യുഡിഎഫിനു തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ കാരണം സുധീരന്റെ നിലപാടുകളായിരുന്നെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫാണു വിമര്‍ശനം ഉന്നയിച്ചത്.
പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. സ്വന്തം നാട്ടില്‍ സീറ്റ് ചോദിച്ചിട്ടുപോലും പാര്‍ട്ടി തനിക്കു തന്നില്ലെന്നു രാജ്‌മോഹന്‍ വ്യക്തമാക്കി. പാര്‍ട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടു തന്നെ തഴഞ്ഞു. തളര്‍ന്നു കിടന്നവരെപ്പോലും കെപിസിസി അംഗങ്ങളാക്കിയപ്പോഴും തന്നെ ഒഴിവാക്കി.
എന്‍എസ്എസ് പുറത്താക്കിയ ആളെ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കി. പാര്‍ട്ടിയുടെ ഭാരം മൂന്നുപേര്‍മാത്രം താങ്ങി പെടലി ഒടിക്കരുതെന്നും കെപിസിസി നേതൃയോഗത്തില്‍ ഉണ്ണിത്താന്‍ വിശദീകരിച്ചു.
കെപിസിസി നേതൃയോഗത്തിനിടെ നേതാക്കള്‍ വാക്പോരിലേര്‍പ്പെട്ടതിന് പിന്നാലെയാണ് സുധീരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ആദ്യ ഘട്ടം മുതലെ വി എം സുധീരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
ഇതിനിടെ, പാര്‍ട്ടി നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിനാണു കെപിസിസി നിയന്ത്രണമേര്‍പ്പെടുത്തി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാര്യത്തിലും പാര്‍ട്ടിയുടെ നിയന്ത്രണം വരും. രാജ്യസഭാ സീറ്റ് മാണി കേരള കോണ്‍ഗ്രസിന് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നേതാക്കളുടെ പ്രതിഷേധം ഒഴിയാത്തതിനാലാണ് കെപിസിസിയുടെ നിയന്ത്രണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here