അമൃതസ്ഥാപനങ്ങള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

8

അമൃതപുരി (കൊല്ലം): കേരളത്തിലെ മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അമൃതവിശ്വവിദ്യാപീഠം അധികാരികള്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു അവാര്‍ഡ് ദാനം. മറ്റു വിഭാഗങ്ങള്‍ എന്ന ഗണത്തില്‍ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിനും, സ്വയംഭരണ മെഡിക്കല്‍ കോളേജ് വിഭാഗത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചി കാമ്പസിനും ആണ് അവാര്‍ഡുകള്‍ ലഭിച്ചത്.
ശാസ്ത്രീയമായ രീതിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ പൂര്‍ണ്ണമായി നടപ്പാക്കിയതിനാണ് പുരസ്‌കാരം. ഒന്നാം സ്ഥാനത്തേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തിയവയ്ക്കുള്ള ‘എക്‌സലന്‍സ്’ അവാര്‍ഡാണ് ഇത്തവണ രണ്ട് കാമ്പസുകള്‍ക്കും ലഭിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിനു തുടര്‍ച്ചയായി രണ്ടാം തവണയും അമൃത ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു തുടര്‍ച്ചയായി നാലാം തവണയുമാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്.
അമൃതപുരി കാമ്പസിനുവേണ്ടി പ്രിന്‍സിപ്പാള്‍ ഡോ എസ് എന്‍ ജ്യോതി മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. അമൃതപുരി കാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി സുദീപ്, ബ്രഹ്മചാരി ശ്രീവത്സന്‍, വിഷ്ണുവിജയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മാതാ അമൃതാനന്ദമയി മഠം അനുബന്ധ സ്ഥാപനങ്ങളില്‍ കൂടി നടപ്പാക്കി വരുന്ന സുസ്ഥിരമായ പ്രകൃതി സംരക്ഷണ ശ്രമങ്ങള്‍ക്കും മാലിന്യനിര്‍മാര്‍ജനത്തിനും ലഭിച്ച അംഗീകാരമാണ് പ്രസ്തുത പുരസ്‌കാരമെ് അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി സുദീപ് പറഞ്ഞു.
കൊച്ചി അമൃത മെഡിക്കല്‍ കോളേജിനു വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് ജനറല്‍ മാനേജര്‍ ബ്രഹ്മചാരി ജഗ്ഗു, മാലിന്യ സംസ്‌കരണ വിഭാഗം ഹെഡ് വി രാജപ്പന്‍, സീനിയര്‍ റിസര്‍ച്ച് ഓഫിസര്‍ ആര്‍ ആര്‍ രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
കെ മുരളീധരന്‍ എംഎല്‍എ, സംസ്ഥാന മലിനീകരണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍, ഹരിതകേരളം വൈസ് ചെയര്‍പേഴ്‌സ ഡോ ടി എന്‍ സീമ, മലിനീകരണ നിയന്ത്രണ സെക്രട്ടറി ടി എ തങ്കപ്പന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here