തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയ്ക്കും കെപിസിസി അധ്യക്ഷന്‍ എം എം ഹസനും എതിരെയും കടന്നാക്രമണം നടത്തി. ഇന്നു രാവിലെ തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സുധീരന്‍ തുറന്നടിച്ചത്.
തന്റെ ജനപക്ഷ, ജനരക്ഷാ യാത്രകള്‍ പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്ന് സുധീരന്‍ പറഞ്ഞു. രണ്ട് യാത്രകളുടെയും ഉദ്ഘാടകന്‍ ഉമ്മന്‍ചാണ്ടി ആയിരുന്നിട്ടും ജാഥ നയിച്ച തന്റെ പേര് പരാമര്‍ശിക്കാന്‍ ഉമ്മന്‍ചാണ്ടി മടിച്ചു. രണ്ട് ഗ്രൂപ്പ് നേതാക്കളും ജാഥകളോട് വേണ്ടത്ര സഹകരിച്ചില്ല.
കെപിസിസി പ്രസിഡന്റായി തന്നെ നിയോഗിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ താല്‍പ്പര്യം കാട്ടാതെ വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. വീട്ടില്‍ പോയി കണ്ടപ്പോഴും നീരസത്തിന്റെ, ക്രൂരമായ നിസംഗതയുടെ ഭാവമായിരുന്നു ഉമ്മന്‍ചാണ്ടിക്ക്. എന്നാല്‍ രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ നല്ല പ്രതികരണമായിരുന്നു-സുധീരന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അരുവിപ്പുറം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞ് ജനങ്ങളുടെയും സംസ്ഥാനത്തന്റെയും താല്‍പ്പര്യം സംരക്ഷിച്ചുള്ള തീരുമാനമേ വേണ്ടത്ര ആലോചനയോടെ എടുക്കാവൂ എന്ന് സോണിയഗാന്ധി ഉമ്മന്‍ചാണ്ടിയെയും തന്നെയും ഡല്‍ഹിയില്‍ വിളിച്ചുവരുത്തി നിര്‍ദ്ദേശിച്ചിരുന്നു എന്ന് സുധീരന്‍ വെളിപ്പെടുത്തി. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചു. താന്‍ അതിശയിച്ചുപോയെന്നും സുധീരന്‍ പറഞ്ഞു.
പാര്‍ട്ടിയെ ബൂത്തുതലത്തില്‍ പുനഃസംഘടിപ്പിക്കാനുള്ള തന്റെ ശ്രമത്തെ അട്ടിമറിച്ചു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പു മാനേജര്‍മാരാണ്.
കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തന്നെ പ്രേരിപ്പിച്ചത് ഗ്രൂപ്പു മാനേജര്‍മാരുടെ ഇടപെടല്‍ കൂടിയാണെന്നും സുധീരന്‍ ആവര്‍ത്തിച്ചു.

സീറ്റ് നല്‍കിയത് അധാര്‍മ്മികം, മണ്ടത്തരം
രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള തീരുമാനം അധാര്‍മ്മികവും രാഷ്ട്രീയ മണ്ടത്തരമാണെന്നും സുധീരന്‍ പറഞ്ഞു. സാമാന്യബുദ്ധിയുള്ള രാഷ്ട്രീയ നേതൃത്വം ഇങ്ങനെ തീരുമാനിക്കില്ല. ഇതുമൂലം യുപിഎയ്ക്ക് ലോക്‌സഭയില്‍ ഒരു സീറ്റു കുറയും. ബിജെപിക്കാണ് ഇതിന്റെ നേട്ടം. സീറ്റ് നല്‍കിയതില്‍ ഒളി അജണ്ട ഉണ്ട്. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പാക്കാനാവുമോ? മാണി ചാഞ്ചാട്ടക്കാരനാണ്.
ആര്‍എസ്പിക്ക് സീറ്റ് നല്‍കിയപ്പോള്‍ യുപിഎയ്ക്കുള്ള പിന്തുണ ഉറപ്പാക്കിയിരുന്നു. എല്ലാവരുമായി ചര്‍ച്ച ചെയ്തിരുന്നു. ആരും പ്രതിഷേധിച്ചില്ല.
മാണിക്ക് സീറ്റ് നല്‍കിയത് രാഹുല്‍ ഗാന്ധിയുടെ പരിശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ്. രാഹുലിന്റെ നീക്കങ്ങളെ കേരളാനേതാക്കള്‍ ദുര്‍ബലപ്പെടുത്തുന്നു.
പരസ്യപ്രസ്തവന വിലക്കിയതുകൊണ്ട് ഒറ്റമൂലിയാവില്ല. അത് വിലപ്പോവില്ല. പരസ്യ പ്രസ്താവന കോണ്‍ഗ്രസില്‍ പുതിയകാര്യമല്ല. എന്നും പരസ്യ പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ട്. താന്‍ കെപിസിസി പ്രസിഡന്റായിരിക്കെ പരസ്യപ്രസ്താവന വിലക്കിയപ്പോള്‍ തൊട്ടുപിന്നാലെ പത്രസമ്മേളനം വിളിച്ച ആളാണ് എം എം ഹസന്‍. പ്രസ്താവനാ വിലക്കല്ല വേണ്ടത്. തെറ്റുതിരുത്തുകയാണ് ആവശ്യം.
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ജനപക്ഷപരമല്ല. പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാനാവുന്നില്ല. ചരിത്രം പ്രസിദ്ധമായ കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറിയത്, ടാറ്റായും മറ്റും കൈവശം വച്ചിരിക്കുന്ന 5.5 ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ കേസില്‍ ഹാരിസണിന് അനുകൂലമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തോറ്റുകൊടുത്തത് തുടങ്ങിയ വിഷയങ്ങളില്‍ പേരിനുവേണ്ടിയുള്ള പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here