ബംഗലൂര്: കര്‍ണാടക നിയമസഭയിലേക്ക് ജയാനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡിയാണ് വിജയിച്ചത്. ബിജെപിയിലെ ബി എന്‍ പ്രഹ്‌ളാദിനെ 2,800 ലേറെ വോട്ടുകള്‍ക്കാണ് സൗമ്യ പരാജയപ്പെടുത്തിയത്.
ബിജെപി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ജയാനഗിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12 ആയിരുന്നു.
സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു രാമലിങ്ക റെഡ്ഡിയുടെ പുത്രിയാണ് സൗമ്യ. പ്രഹ്‌ളാദന്‍ വിജയകുമാറിന്റെ സഹോദരനും.
ഈ വിജയത്തോടെ കോണ്‍ഗ്രസിന് നിയമസഭയിലെ അംഗബലം 79 ആയി.
കോണ്‍ഗ്രസ്-ജെഡി(എസ്) സംയുക്ത സ്ഥാനാര്‍ഥിയായിരുന്നു സൗമ്യ. ഈ സീറ്റില്‍ നേരത്തെ കാലേഗൗഡയെ സ്ഥാനാര്‍ഥിയായി ജെഡി(എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും സൗമ്യക്കുവേണ്ടി പിന്‍വാങ്ങുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ ധാരണ അനുസരിച്ച് കോണ്‍ഗ്രസ്-ജെഡി(എസ്) മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തില്‍ വന്നു. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 78 സീറ്റിലും ജെഡി(എസ്) 37 സീറ്റിലുമായിരുന്നു വിജയിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷി 104 സീറ്റുമായി ബിജെപിയായിരുന്നു.
കഴിഞ്ഞ ദശകത്തില്‍ ബിജെപിയുടെ കോട്ടയായിരുന്നു ജയാനഗര്‍ മണ്ഡലം. ഇവിടെ ഇത്തവണ സൗമ്യ 54,458 വോട്ടു നേടി. പ്രഹ്‌ളാദിന് 51,571 വോട്ടുകള്‍ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here