ജമ്മു: ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനീകന് വീരമൃത്യു. രണ്ട് ഭീകരരെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപുര ജില്ലയിലുള്ള പനാര്‍ വന പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.
26 കാരനായ ജവാന്‍ ഷമ്മി സിങാണ് വീരമൃത്യുവരിച്ചത്. ഹിമാചല്‍ പ്രദേശിനു സമീപമുള്ള കങ്കാര ജില്ലയിലെ ഇദോരയിലുള്ള മക്‌റോളി ഗ്രാമവാസിയാണ് സിങ്.
”പനാര്‍ വനത്തില്‍ നടക്കുന്ന ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനീകന്‍ വീരമൃത്യു വരിച്ചു.” കരസേനാ വക്താവ് കേണല്‍ രാജേഷ് കലിയ പറഞ്ഞു.
നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ ചില ഭീകരര്‍ വനത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാസേന ഓപ്പറേഷന്‍ തുടങ്ങിയത്. വനപ്രദേശ വളഞ്ഞ് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു.

തട്ടിക്കൊണ്ടുപോയി
ഇതേസമയം, പുല്‍വാമയില്‍ ഒരു സൈനീകനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. 23 രാഷ്ട്രീയ റൈഫിള്‍സിലെ ഔറങ്കസീബിനെയാണ് തട്ടിക്കൊണ്ടുപോയത്. പൂഞ്ച് ജില്ലക്കാരനാണ് സൈനീകന്‍. ഈദ് അവധിയിലായിരുന്ന സൈനീകന്‍ രജൗരിയിലേക്ക് പോകവെ ഭീകരകര്‍ വാഹനം കല്‍മാംപോര പ്രദേശത്ത് തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകുകായിരുന്നു.
സൈന്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടുള്ളതാണ് ഈ യുവ സൈനീകന്‍. ഔറങ്കസൂബ് ഉള്‍പ്പെട്ട സൈനീക വ്യൂഹമാണ് ഏപ്രില്‍ 30ന് ഹിസ്ബുള്‍ മുജാഹിദീന്‍ കൊടും ഭീകരന്‍ സമീര്‍ ടൈഗറെ വധിച്ചത്. സൈന്യം തെരച്ചില്‍ നടത്തുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഭീകരര്‍ നടത്തുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോക്കല്‍ സംഭവമാണിത്. കഴിഞ്ഞ രാത്രി ഒരു പൊലീസുകാരനെ പുല്‍വാമയിലെ നവ്പുര പയേനിലുള്ള വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here