താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി

20
കട്ടിപ്പാറയിലെ രക്ഷാപ്രവര്‍ത്തനം (ചിത്രം. പിടിഐയോട് കടപ്പാട്)

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 8 ആയി. ഇന്നലെ മരിച്ച കരിഞ്ചോല ഹസന്റെ മകളുടെ മകള്‍ ഒന്നര വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തി. ഹസന്റെ കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. റിഫയുടെ സഹോദരിയും അമ്മയും ഇതില്‍ ഉള്‍പ്പെടും.
പെരുന്നാള്‍ ദിനത്തിലും ആഘോഷങ്ങള്‍ മാറ്റി വെച്ച് നാട്ടുകാരും സന്നദ്ധസംഘടനകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആറുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയും, പൊലിസും ഫയര്‍ഫോഴ്സും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ നിര്‍ത്തിവച്ച തിരച്ചിലാണു വീണ്ടും തുടങ്ങിയത്. മൂന്നു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കരിഞ്ചോല മലയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത നിവാരണ സേന സ്ഥലത്തെത്താന്‍ വൈകിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കാലാവസ്ഥ പ്രതികൂലമായ താണ് ദുരന്ത നിവാരണ സേന സ്ഥലത്തെത്താന്‍ വൈകിയതിന് കാരണമെന്ന് സ്ഥലത്തെത്തിയ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, കരിഞ്ചോല അബ്ദുല്‍ സലിം, കക്കാട് ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകള്‍ തകര്‍ന്നു. തകര്‍ന്ന മൂന്ന് വീടുകളിലെ ആളുകളാണ് മരിച്ച എട്ട് പേരും. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.
കട്ടിപ്പാറക്ക് പുറമെ ബാലുശ്ശേരി മങ്കയം, ഓമശ്ശേരി വേനപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടാഒരു ദിവസം നീണ്ട കനത്ത മഴയ്‌ക്കൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മലയുടെ വടക്കു ഭാഗത്താണ് ആദ്യം ഉരുള്‍പൊട്ടിയത്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം. അതേസമയം, ഇരുന്നൂറിലേറെ പേരാണ് ദുരിതാശ്വാസ ക്യാപില്‍ കഴിയുന്നത്.
പ്രദേശത്തെ അനധികൃത നിര്‍മാണങ്ങളില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ യുവി ജോസ് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മൂഴിക്കല്‍, പയിമ്പ്ര, പേരാമ്പ്ര, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ നൂറു കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. നിരവധി ആളുകളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
മലയോര മേഖലയായ പേരാമ്പ്രയിലും വെള്ളം കയറിയിട്ടുണ്ട്. ചക്കിട്ടപാറ, കൂരാച്ചുണ്ട് മേഖലകളിലേക്കുള്ള റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് നാദാപുരം മേഖലയിലും വെള്ളം കയറി. 45 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here