സൗദി അറേബ്യക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച റഷ്യന്‍ കളിക്കാര്‍ റഷ്യയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ വിജയാഹ്ലാദത്തില്‍.

മോസ്‌കോ: ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച തീപാറുന്ന പോരാട്ടങ്ങളുടെ പെരുന്നാള്‍. കരുത്തരായ സ്പെയിനും പോര്‍ച്ചുഗലും ഇന്ന് ഏറ്റുമുട്ടും. സുവാരസിന്റെ യൂറുഗ്വായും മുഹമ്മദ് സലായുടെ ഈജിപ്തും തമ്മിലാണ് ആദ്യ മത്സരം. ഇറാനും മൊറോക്കോയും തമ്മിലാണ് മറ്റൊരു മത്സരം.
ആദ്യ മത്സരം വൈകീട്ട് അഞ്ചരക്ക് യൂറുഗ്വായും ഈജിപ്തും തമ്മില്‍. മുഹമ്മദ് സലായുടെ ചിറകിലേറി റഷ്യയില്‍ പറന്നിറങ്ങിയവരാണ് ഈജിപ്ത്. സുവാരസിന്റേയും എഡിന്‍സണ്‍ കവാനിയുടേയും കരുത്തില്‍ കളത്തിലിറങ്ങുകയാണ് ആദ്യ ലോകകപ്പ് ജേതാക്കളായ യൂറുഗ്വായ്. മുഹമ്മദ് സല പരിക്കില്‍ നിന്ന് മോചിതനായി കളത്തിലിറങ്ങുന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
ടൂര്‍ണമെന്റിലെ തന്നെ വലിയ മത്സരങ്ങളിലൊന്നിന് വെള്ളിയാഴ്ച രാത്രി 11.30ന് സോച്ചിയിലെ ഫിഷ്റ്റ് സ്റ്റേഡിയം വേദിയാകും. മത്സരം കരുത്തരായ സ്പെയിനും പോര്‍ച്ചുഗലും തമ്മില്‍.
ആഫ്രിക്കന്‍ കരുത്തുമായിറങ്ങുന്ന മൊറോക്കോയും ഏഷ്യന്‍ ശക്തികളായ ഇറാനും തമ്മിലാണ് രണ്ടാം മത്സരം. 1998ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന മൊറോക്കോ ഇത്തവണ അത്ഭുത കുതിപ്പ് നടത്താന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ്. ഗോള്‍ വഴങ്ങാന്‍ കാണിക്കുന്ന പിശുക്കാണ് ഇരു ടീമുകളുടേയും പ്രത്യേകത. മത്സരം രാത്രി 8.30ന് സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയത്തില്‍.
ലോകകപ്പിന് റഷ്യയില്‍ വ്യാഴാഴ്ച ആവേശോജ്വല തുടക്കം കുറിച്ചപ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ക്ക് ഉജ്ജ്വല വിജയം. സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് റഷ്യ തകര്‍ത്തു.
ആദ്യ പകുതിയില്‍ രണ്ടടിച്ച റഷ്യ രണ്ടാം പകുതിയില്‍ മൂന്നുഗോളുകള്‍ കൂടി നേടി ജയം ഉറപ്പിച്ചു. 12-ാം മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് പകരക്കാരനായി കളത്തിലറങ്ങിയ ചെറിഷേവാണ് രണ്ടാം ഗോള്‍ നേടിയത്.
71-ാം മിനിറ്റില്‍ വീണ്ടും പകരക്കാരന്റെ ഗോള്‍, സ്യൂബ ലക്ഷ്യം കണ്ടു, റഷ്യ മൂന്ന് ഗോളിന് മുന്നില്‍. ഇഞ്ചുറി ടൈമില്‍ ചെറിഷേവ് വീണ്ടും ലക്ഷ്യം കണ്ടു. റഷ്യയുടെ നാലാം ഗോള്‍. 90+3ല്‍ റഷ്യയുടെ അഞ്ചാം ഗോള്‍. ഫ്രീകിക്കില്‍ നിന്ന് ഗൊളോവിനാണ് ഗോള്‍ നേടിയത്.
ലോകകപ്പിന്റെ 21-ാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് വര്‍ണാഭമായിരുന്നു. ചരിത്രപ്രസിദ്ധമായ മോസ്‌കോ ലുഷ്‌നികി സ്റ്റേഡിയത്തില്‍ വിസില്‍മുഴങ്ങി.
ബ്രസീലിന്റെ മുന്‍ ലോകകപ്പ് താരം റൊണാള്‍ഡോയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്. പിന്നാലെ ബ്രിട്ടീഷ് പോപ്താരം റോബി വില്യംസിന്റെ നേതൃത്വത്തിലുള്ള നൃത്തസംഗീത വിരുന്നിന് ലോകം സാക്ഷ്യംവഹിച്ചു. റഷ്യന്‍ ഗായിക ഐഡ ഗാരിഫുല്ലിനയുടെ സംഗീതം കൊഴുപ്പേകി.
ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയപതാകകള്‍ വഹിച്ച റഷ്യന്‍ കലാകാരന്മാര്‍ അണിനിരന്നു. റൊണാള്‍ഡോയ്‌ക്കൊപ്പമെത്തിയ റഷ്യന്‍ ജഴ്‌സിയണിഞ്ഞ ബാലന്‍ ടെല്‍സ്റ്റര്‍ പന്ത് കിക്‌ചെയ്ത് ലോകത്തെ റഷ്യയിലേക്ക് സ്വാഗതംചെയ്തു.
തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഫിഫാ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റീനോയും ആരാധകരെ അഭിസംബോധന ചെയ്തു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here