മോസ്‌ക്കോ: ഫിഫ ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയെ പിടിച്ചുകെട്ടി ഐസ്‌ലാൻഡ്. സൂപ്പർ താരം ലയണൽ മെസി പെനാൽറ്റി പാഴാക്കിയ മത്സരത്തിലാണ് അർജന്റീനയെ ഐസ്ലൻഡ് സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു. 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് മെസി പാഴാക്കിയത്.
പത്തൊമ്പതാം മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെയായിരുന്നു അർജൻറീന ലീഡ് നേടിയത്. റോഹോ നൽകിയ പാസ് രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച ഷോട്ടിലൂടെ അഗ്യൂറോ ഐസ്‌ലൻഡ് വലയിൽ കുടുക്കുകയായിരുന്നു.
ഐസ്‌ലൻഡിന്റെ മറുപടി ഗോൾ നാലു മിനിറ്റിനുള്ളിൽ എത്തി. ഇടതു ഭാഗത്തുനിന്ന് സിഗുഡ്‌സൻ പോസ്റ്റിന് സമാന്തരമായി നീട്ടിനിൽകിയ പാ?സ് ആൽഫയോ ഫിൻബോഗ്‌സൻ ഗോൾ വലയിലെത്തിച്ചപ്പോൾ അർജൻറൈൻ ആരാധകർ ഞെട്ടി.
2014 ൽ ജർമനിയോട് കലാശപ്പോരിൽ തോൽവി വഴങ്ങിയതിന് പകരംവീട്ടാൻ റഷ്യയിൽ ഇറങ്ങിയ അർജൻറീന പക്ഷേ കന്നിയങ്കക്കാരായ ഐസ്‌ലൻഡിന് മുന്നിൽ മരവിച്ചുനിൽക്കുന്ന കാഴ്ചക്കാണ് ലോകം സാക്ഷിയായത്. ആദ്യ മത്സരം ജയിച്ച് മികച്ച തുടക്കം സ്വപ്‌നം കണ്ട അർജൻറീനയുടെ ലക്ഷ്യത്തിന് വിലങ്ങുതടിയായത് ഐസ്‌ലൻഡ് കെട്ടിപ്പൊക്കിയ ചൈനീസ് വൻമതിലിനേക്കാൾ കരുത്തുറ്റ പ്രതിരോധമായിരുന്നു.
രണ്ടാം പകുതിയിലെ അർജന്റീനയുടെ ആക്രമണങ്ങൾ ഐസ്‌ലൻഡ് പ്രതിരോധനിര തകർത്തു. മെസിയെ തളച്ചിടാൻ ഐസ്‌ലൻഡിനു കഴിഞ്ഞു. 63-ാം മിനിറ്റിൽ പെനാൽറ്റി. കിക്കെടുക്കാൻ എത്തിയത് സാക്ഷാൽ മെസി. ലീഡ് നേടുമെന്ന് അർജൻറീന ഉറപ്പിച്ച നിമിഷം. എന്നാൽ ഒരിക്കൽ കൂടി മെസി മൈതാനത്ത് ദുരന്തമുഖമായി. ഐസ്‌ലൻഡിൻറെ ഗോൾകീപ്പർ ഹാൾഡർസണിന് ചാടിയാൽ എത്തുന്ന ദൂരത്തേക്കാണ് മെസി കിക്കെടുത്തത്. അതിവിദഗ്ധമായി ഹാൾഡർസൺ അത് തട്ടിയകറ്റുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here