കൊച്ചി: നടന്‍ ദിലീപിന്റെ അറസ്‌റ്റോടെ പ്രതിസന്ധിയിലായത് 50 കോടിരൂപയ്ക്ക് മുകളിലുള്ള സിനിമാ പ്രൊജക്ടുകള്‍. യുവനടിയെ ആക്രമിച്ച് അപമാനിച്ചകേസില്‍ ജനപ്രിയനായകന്‍ ജയിലില്‍ ആയതോടെ പ്രതിസന്ധിയിലായത് പ്രതീക്ഷകളോടെ സിനിമയുമായി നീങ്ങിയ നിര്‍മ്മാതക്കളും സംവിധായകരുമാണ്. നിര്‍മ്മാണം പൂര്‍ത്തിയായി റിലീസ് പ്രഖ്യാപിച്ച ചിത്രം ഉള്‍പ്പടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള നിരവധിചിത്രങ്ങളാണ് നായകന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായത്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നിലായി താരമൂല്യത്തിലും സാറ്റ്‌ലൈറ്റ് റേറ്റിലും മൂന്നാമതായി നില്‍ക്കുന്ന നടന്‍ ദിലിപാണ് എന്നതാണ് നഷ്ടത്തിന്റെ തോത് വര്‍ധിപ്പിക്കുന്നത്. ജൂലൈ ഏഴിന് റിലീസ് പ്രഖ്യാപിക്കുകയും പിന്നീട് നടിയുടെ കേസില്‍ ദിലീപ് ആരോപണവിധേയനാകുകയും ചെയ്തതോടെ ജൂലൈ 21 ലേക്ക് റിലീസ് മാറ്റുകയും ചെയ്ത രാമലീല എന്ന ചിത്രത്തിന്റെ ഭാവി എങ്ങനെയാകുമെന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് നവാഗതസംവിധായകനായ അരുണ്‍ഗോപി സംവിധാനം ചെയ്ത രാമലീല 14 കോടി രൂപ മുടക്കി നിര്‍മ്മിച്ച ബിഗ്ബജറ്റ് ചിത്രമാണ്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ കമ്മാരസംഭവത്തിന്റെ ചിത്രീകരണം പാതിവഴിയിലാണ്. തേനിയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് ദിലീപ് കേസിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാണ് ഇടയ്ക്ക് നിര്‍ത്തിവെച്ചത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം രതീഷിന്റെ അദ്യചിത്രവുമാണ്.
ഡിജിപി ലോക്‌നാഥ് ബഹ്‌റ പൂജ ചടങ്ങില്‍ പങ്കെടുത്ത് വിവാദമായ പ്രഫ. ഡിങ്കന്‍ എന്ന ചിത്രവും ചിത്രീകരണം ആരംഭിച്ച ചിത്രമാണ്. ഛായഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രവും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ റണ്‍വേയുടെ രണ്ടാഭാഗമായി വാളയാര്‍ പരമിശം,ഈ പറക്കുംതളികയുടെ രണ്ടാംഭാഗം,ഞാനാരാ മോന്‍, അക്കൂഅക്ബറിന്റെ പുതിയ സിനിമ, നാദിര്‍ഷാ സംവിധാനം ചെയ്യാനിരിക്കുന്ന അടുത്തചിത്രം എന്നിവയെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
2015 മുതല്‍ 2017 പകുതി വരെ ഇറങ്ങിയ ഒന്‍പതു ദിലീപ് ചിത്രങ്ങളില്‍ മൂന്നെണ്ണം വിജയിക്കുകയും ആറെണ്ണം പരാജയപ്പെടുകയും ചെയ്തതോടെ വളരെ കരുതലോടെ സിനിമകള്‍ക്ക് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ദിലീപ് അറസ്റ്റിലായിരിക്കുന്നത്. കരാര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോടതി പ്രത്യേക അനുമതി നല്‍കിയാല്‍ പോലും പ്രേക്ഷകര്‍ എങ്ങനെ സിനിമയെ സ്വീകരിക്കുമെന്നതാണ് സംവിധായകരും നിര്‍മ്മാതാക്കളും നേരിടുന്ന വെല്ലുവിളി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here