ഗുരുഗ്രാം: അടുത്തിടെ റിലീസ് ചെയ്ത ഹിന്ദി ചിത്രമായ ജഗ്ഗ ജസോസില്‍ അവസാനമായി വേഷമിട്ട അസാമീസ് നടിയും ഗായികയുമായ 26കാരി ബിദിഷ ബെസ്ബരുള്ളയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. സുഷന്ത് ലോക് ഫേസ്-1 ബി ബ്ലോക്കിലെ വാടക വീട്ടിലാണ് നടിയെ തിങ്കളാഴ്ച രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റത്തിന് ഭര്‍ത്താവ് നിഷീത് ഝായെ പൊലീസ് അറസ്റ്റുചെയ്തു.
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധങ്ങളില്‍ മനംനൊന്താണ് ബിദിഷ ജീവനൊടുക്കിയതെന്ന് അവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
രാത്രി എട്ടരയോടെയാണ് നടിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട് വാടകയ്ക്ക് എടുത്തുകൊടുത്തയാളും ചില അയല്‍ക്കാരും വാതില്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും നടിയെ രക്ഷിക്കാനായില്ല. ജൂലൈ അഞ്ചിനാണ് ദമ്പതികള്‍ ഇവിടെ താമസം തുടങ്ങിയത്. മൂന്നു ദിവസം മുമ്പ് നിഷീത് ഔദ്യോഗിക കാര്യങ്ങള്‍ക്കായി മുംബൈക്ക് പോയിരുന്നു.
വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് വസ്തു ബ്രോക്കറെ വിവരം അറിയിക്കുകയായരുന്നുവെന്നും അങ്ങിനെയാണ് അവര്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നതെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യാ കുറിപ്പികളൊന്നും ലഭിച്ചില്ല. എന്നാല്‍, മുംബൈയില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നോക്കുന്ന നിഷീതിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് ബിദിഷയുടെ സഹോദരന്‍ കൗഷിക് ആരോപിക്കുന്നു. ഒരു സഹപ്രവര്‍ത്തകയുമായുള്ള നിഷീതിന്റെ ബന്ധം വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ഡല്‍ഹിയില്‍ ഒരു കമ്പനിയില്‍ ജോലി നോക്കവെയാണ് നിഷീതും ബിദിഷയും കണ്ടുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവാഹിതായി. സഹപ്രവര്‍ത്തകയുമായി നിഷീതിന് അവിഹിത ബന്ധമുള്ളതായി ബിദിഷ ഏപ്രില്‍ വീട്ടില്‍ പറഞ്ഞതായി കൗഷിക് അറിയിച്ചു.
അസം സ്വദേശിനിയായ ബിദിഷ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ നിന്നും പുറത്തിറങ്ങിയതാണ്. നിരവധി ടിവി ഷോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാടകങ്ങളില്‍ അഭിനയിച്ചു. ജഗ്ഗ ജസോസില്‍ ഒരു പാട്ട് രംഗത്ത് പ്രത്യക്ഷപ്പെട്ടു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here