യുവനടിയുടെ പരാതി: ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കും മറ്റുമെതിരെ കേസ്

67

കൊച്ചി: യുവ നടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമാണു പരാതി. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.
നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍. ന്യൂജനറേഷന്‍ സിനിമകളിലെ പ്രധാന താരമാണ് ശ്രീനാഥ് ഭാസി. സിനിമ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റ് കുറ്റാരോപിതര്‍.
2016 നവംബര്‍ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. യുവനടി കൊച്ചി റമദ ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പ്രതിഫലം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. നടി കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇത് പിന്നീട് പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് സിഐ നടിയുടെ മൊഴിയെടുത്തിട്ടുണ്ട്. വഞ്ചനക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ്.
പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. ജീന്‍ പോള്‍ അടക്കമുള്ള കുറ്റാരോപിതരെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍

നടി നനഞ്ഞയിടം കുഴിക്കുന്നു: ലാല്‍
യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി സംവിധായകന്‍ ലാല്‍. പരാതിക്കാരി നനഞ്ഞയിടം കുഴിക്കുകയാണെന്നു ലാല്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. നടിയുടേത് അനാവശ്യ പരാതിയാണ്. സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നല്‍കിയതിനു കാരണം എന്തെന്ന് ആ നടിയോടു ചോദിക്കണം. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയ നടിയാണ് ഇവര്‍. ഇതിനുപിന്നില്‍ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here