കാവ്യയുടെ ഡ്രൈവറായിരുന്നു എന്ന സുനിയുടെ മൊഴിയും അന്വേഷിക്കുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയുമായ ഇടവേള ബാബുവിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ഇന്നു ഉച്ചയ്ക്ക് ഒരുമണിക്ക് ആലുവ പൊലീസ് ക്‌ളബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ബാബുവിനെ വിട്ടയച്ചു.
ചലച്ചിത്ര മേഖലയിലെ ദിലീപിന്റെ ഇടപ്പെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായിട്ടാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലുണ്ടായതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണസംഘത്തിന് കൈമാറിയതായും ഇടവളേ ബാബു പറഞ്ഞു.
ഇതിനിടയില്‍ രണ്ടുമാസത്തോളം താന്‍ കാവ്യ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന പള്‍സര്‍ സുനിയുടെ മൊഴിയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം കാവ്യ നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.
അതേസമയം മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയില്ല. ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് അപ്പുണ്ണിയുടെ അഭിഭാഷകന്‍ പറയുന്നു. നിലവില്‍ അപ്പുണ്ണി കേസില്‍ പ്രതിയല്ല. എന്നാല്‍ ദിലീപുമായി പള്‍സര്‍ സുനി കൂടിക്കാഴ്ച നടത്തിയപ്പോളും ഫോണ്‍വിളിച്ചപ്പോഴും അപ്പുണ്ണി കൂടെയുണ്ടായിരുന്നതായിട്ടാണ് അന്വേഷസംഘത്തിന് വ്യക്തമായിരിക്കുന്നത്.
കൂടാതെ ദീലിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയും ദിലീപിന്റെ മുന്‍സുഹൃത്തുമായിരുന്ന സന്തോഷ് കുമാറില്‍ നിന്നും പൊലീസ് രാവിലെ മൊഴി എടുത്തിരുന്നു. ദിലീപുമായി പിരിയാനുള്ള സാഹചര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. സിനിമാ മേഖലയിലുള്ളവരെയും ദീലിപുമായി ബന്ധപ്പെട്ടവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here