പാകിസ്ഥാനില്‍ പുതിയ മന്ത്രിസഭ സ്ഥാനമേറ്റു

26

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷഹീദ് ഖഖ്വന്‍ അബ്ബാസി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മന്ത്രിസഭ ഇന്ന് സ്ഥാനമേറ്റു. നവാസ് ഷെറിഫ് കഴിഞ്ഞ വ്യാഴാഴ്ച പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട മന്ത്രിസഭ വീണ്ടും രൂപീകരിച്ചപ്പോള്‍ ഷെറിഫിന്റെ സഖ്യത്തിലെ പ്രമുഖരെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. 2013നുശേഷം രാജ്യത്തെ പ്രഥമ പൂര്‍ണസമയ വിദേശകാര്യ മന്ത്രിയായി ഖവ്ജ അസിഫിനെ നിയമിച്ചു.
ഇസ്ലാമാബാദിലെ പ്രസിഡന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ മുമ്പാകെയാണ് 28 ഫെഡറല്‍ മന്ത്രിമാര്‍ക്കും 18 സഹമന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചെയ്തതെന്ന് ഡാണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ മന്ത്രിസഭയില്‍ ഏറെയും പഴയ മുഖങ്ങളാണ്. എന്നാല്‍ ചില പുതുമുഖങ്ങളും ഉണ്ട്.
റിസോര്‍ട്ട് നഗരമായ മുറീയില്‍ നാവസ് ഷെറിഫുമായും പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെറിഫുമായും പ്രധാനമന്ത്രി അബ്ബാസി ഇന്നലെ ആറുമണിക്കൂര്‍ നടത്തിയ കൂടിക്കാഴ്ചക്ക് ഒടുവിലാണ് മന്ത്രിമാരെ തീരുമാനിച്ചത്.
ഷെറിഫ് മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന അസിഫ് പുതിയ വിദേശമന്ത്രിയായി. 2013ല്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-എന്‍ അധികാരത്തില്‍ വന്നശേഷമാണ് രാജ്യത്ത് വിദേശകാര്യമന്ത്രി ഇല്ലാതായത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നിയമിച്ച ഹിന റബ്ബാനി ഖര്‍ ആയിരുന്നു അതിനു മുമ്പുള്ള വിദേശമന്ത്രി.
പ്രധാനപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല മുന്‍ ആസൂത്രണമന്ത്രി അഷന്‍ ഇഖ്ബാലിനാണ്. ഇഷഖ് ദര്‍ ധനമന്ത്രിയായി തുടരും.
ജൂലൈ 28ന് ഷെറിഫ് പുറത്താക്കപ്പെട്ട് ഏഴുദിവസത്തിനു ശേഷമാണ് പുതിയ മന്ത്രിസഭാ രൂപീകരണം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here