കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂര്‍ വിമാനത്താവളത്തില്‍ (ഫയല്‍ ചിത്രം)

ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം ഭയന്ന് ബംഗളൂരിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്നുരാവിലെ അഹമ്മദാബാദില്‍ തിരിച്ചെത്തി. അനന്ദ് ജില്ലയിലെ മറ്റൊരു റിസോര്‍ട്ടിലേക്ക് അവരെ മാറ്റിയിരിക്കുകയാണ്.
ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ സ്ഥാനാര്‍ഥിയാണ്.
ബംഗളൂരില്‍നിന്നും വിമാനമാര്‍ഗം എത്തിയ എംഎല്‍എമാരെ സിറ്റിക്ക് പുറത്തുള്ള ആനന്ദിലെ നിജാനന്ദ് റിസോര്‍ട്ടിലേക്കാണ് കൊണ്ടുപോയത്. ഇവിടെ നിന്നും ഇവര്‍ ഒന്നിച്ചാകും നാളെ വോട്ടുചെയ്യാനായി ഗാന്ധിനഗറിലേക്ക് പോകുക.
മൂന്നു ഒഴിവിലേക്കാണ് നാളെ വോട്ടെടുപ്പ്. ഇതില്‍ രണ്ടു സീറ്റില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും വിജയം ഇറപ്പാണ്. മൂന്നാമത് സീറ്റില്‍ പട്ടേലും കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ചീഫ് വിപ്പ് ബല്‍വന്ദ് സിങ് രജ്പുട്ടും തമ്മിലാണ് മത്സരം. രജ്പുട്ട് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല പാര്‍ട്ടി വിട്ടശേഷം രാജ്യസഭാ സീറ്റ് പിടിക്കാനായി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പോരാട്ടം നടക്കുകയാണ്. ജൂലൈ 27, 28 തീയതികളില്‍ ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനു പ്രഹരമായി. ഇതേത്തുടര്‍ന്നാണ് ബിജെപി ചാക്കിട്ടുപിടിക്കുമെന്ന് ഭയന്ന് 44 എംഎല്‍എമാരെ ബംഗളൂരിലെ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് മാറ്റിയത്.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here