നര്‍മദാവാലിയില്‍ കണ്ടത് ബിജെപിയുടെ യഥാര്‍ഥ മുഖം: ബിനോയ് വിശ്വം

32

മേധാ പട്കറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
ഭോപ്പാല്‍: ”സബ്‌കോ സാത,് സബ്‌കോ വികാസ്” (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം) എന്ന മുദ്രാവാക്യത്തിന്റെ പൊള്ളത്തരം നര്‍മദാ വാലിയില്‍ പൊളിഞ്ഞിരിക്കുകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം.12 ദിവസത്തെ നിരാരാഹസമരത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത് ഇന്‍ഡോര്‍ ആശുപത്രിയില്‍ കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കറെ സന്ദര്‍ശിച്ചതിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
40,000 പാവപ്പെട്ട മനുഷ്യരുടെ പുനരധിവാസം ആവശ്യപ്പെട്ടാണ് മേധാ പട്കറും 11 ആദിവാസികളും ജൂലൈ 27 മുതല്‍ നിരാഹാരം അനുഷ്ഠിച്ചത്. അവരുടെ ന്യായമായ ആവശ്യങ്ങളോട് കേന്ദ്ര-സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. സമരത്തിന്റെ 12-ാം ദിവസം രാത്രിയില്‍ ശത്രു രാജ്യത്തെ കീഴ്‌പ്പെടുത്താന്‍ വരുന്ന സന്നാഹത്തോടുകൂടിയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മേധാ പട്കറെ അറസ്റ്റ് ചെയ്ത് നീക്കിയത്.
ചിക്‌രാല ഗ്രാമം മുഴുവന്‍ പൊലീസ് സേനയെ കൊണ്ട് നിറച്ചു. നര്‍മദാ നദിയില്‍ ഒരു ഡസന്‍ കവചിത ബോട്ടുകളില്‍ പൊലീസ് റോന്തുചുറ്റി. കാമറ ഘടിപ്പിച്ച ഡ്രോണുകള്‍ ഗ്രാമത്തിന് മുകളില്‍ വൈകുന്നേരം മുതല്‍ വട്ടം ചുറ്റി. ഒന്നേ മുക്കാല്‍ മണിക്കൂര്‍ നേരം ജനങ്ങള്‍ നടത്തിയ ചെറുത്തുനില്‍പ്പിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് ശിവരാജ് സിങ് ചൗഹാന്റെ ബിജെപി സര്‍ക്കാര്‍ മേധാ പട്കറെ അറസ്റ്റ് ചെയ്ത് ഇന്‍ഡോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയും പരിസരപ്രദേശങ്ങളും സര്‍ക്കാര്‍ പൊലീസ് ക്യാമ്പാക്കി മാറ്റിയിരിക്കുകയാണ്.

മേധാ പട്കറെ അറസ്റ്റുചെയ്തു നീക്കാനുള്ള ശ്രമം

ചര്‍ച്ചകള്‍ എന്ന പേരില്‍ നടത്തിയ പ്രഹസനങ്ങളിലൊന്നും ജനങ്ങളുന്നയിച്ച പുനരധിവാസം എന്ന ആവശ്യത്തെപ്പറ്റി എന്തെങ്കിലും പറയാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. വികസനത്തിന്റെ പേരില്‍ അദാനിമാര്‍ക്കും അംബാനിമാര്‍ക്കും വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന സര്‍ക്കാരുകള്‍ക്ക് പാവപ്പെട്ട മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നത്തെ മുന്‍നിര്‍ത്തി മേധാ പട്കര്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്താനാണ് തോന്നിയത്. ഇത് ബിജെപിയുടെ യഥാര്‍ഥ വര്‍ഗ നയത്തെ വെളിപ്പെടുത്തുന്നു.
കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ മേധയുടെ സമരത്തോട് അര്‍ഥഗര്‍ഭമായ അവഗണനയാണ് കാണിച്ചത്.
ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്ത കര്‍ഷകരെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ വെടിവച്ചുകൊന്നത് ജൂണ്‍ ആറിനാണ്. കര്‍ഷകരുടെയും ആദിവാസികളുടെയും പാവപ്പെട്ടവരുടെയും ജീവിതാവശ്യങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ആരുടെ വികസനത്തെ പറ്റിയാണ് മോദിയും കൂട്ടരും ഊറ്റം കൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മേധാ പട്കറെ സന്ദര്‍ശിക്കാന്‍ രാവിലെ തന്നെ ഇന്‍ഡോറിലെത്തിയ ബിനോയ് വിശ്വത്തിന് മൂന്ന് മണിക്കാണ് പൊലീസ് അനുവദിച്ചത് മേധയുടെ അനാരോഗ്യം എന്ന കാരണം പറഞ്ഞ് ചില്ല് മറയ്ക്ക് പുറത്തുനിന്ന് കൊണ്ടാണ് സന്ദര്‍ശനം അനുവദിച്ചത്. തുടര്‍ന്ന് ചിക്‌രാല ഗ്രാമത്തിലെത്തി സമരം ചെയ്യുന്ന ജനങ്ങളെ സന്ദര്‍ശിച്ച് ബിനോയ് വിശ്വം സിപിഐയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here