അഹമ്മദ് പട്ടേല്‍

അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക്
അഹമ്മദാബാദ്: നഖം കടിക്കും വിധമുള്ള പോരാട്ടത്തിനൊടുവില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടല്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അനായാസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ വൈകി. വെളുപ്പിനാണ് ഫലപ്രഖ്യാപനം ഉണ്ടായത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ നാലാമത് സ്ഥാനാര്‍ഥി ബല്‍വന്ത് സിങ് രജ്പുട് ആണ്പട്ടേലിനോട് തോറ്റത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയാണ് അഹമ്മദ് പട്ടേല്‍.
നിര്‍ണായക തെരഞ്ഞെടുപ്പ് യുദ്ധത്തില്‍, ചട്ടം ലംഘിച്ച് ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയ രണ്ട് കോണ്‍ഗ്രസ് എഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കണമെന്ന കോണ്‍ഗിസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഗീകരിച്ചത് ഫലപ്രഖ്യാപനത്തിനു മുമ്പ് ബിജെപിക്കേറ്റ പ്രഹരമായി. ഈ എംഎല്‍എമാര്‍ ബിജെപി പോളിങ് ഏജന്റിനെയാണ് ബാലറ്റ് പേപ്പര്‍ കാണിച്ചത്. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് വോട്ട് അസാധുവാക്കി. രാഘവ്ജി പട്ടേല്‍, ഭോലാഭായി ഗൊഹ്‌ലി എന്നിവരുടെ വോട്ടുകളാണ് അസാധുവാക്കിയത്.
അഹമ്മദ് പട്ടേല്‍ 44 വോട്ടുകള്‍ നേടി. രാജ്യത്തെ എട്ടു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ–രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്.

അമിത് ഷാ

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. പിന്നീട്, പലതവണ നിര്‍ത്തിവയ്‌ക്കേണ്ടിയുംവന്നു. രണ്ട് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതി വന്നതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. രണ്ടു വോട്ടുകള്‍ അസാധുവായതോടെ ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. നേരത്തേ 45 ആയിരുന്നു. 43 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും എന്‍സിപി, ജെഡിയു എന്നിവയുടെ ഓരോ എംഎല്‍എമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ.
ബിജെപി വിമത എംഎല്‍എ നളിന്‍ഭായ് കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ശങ്കര്‍സിങ് വഗേല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളടക്കം വിട്ടുപോയതിനെത്തുടര്‍ന്നു ക്ഷീണത്തിലായ ഗുജറാത്തിലെ കോണ്‍ഗ്രസിനു വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത ആത്മവിശ്വാസമാണു പട്ടേലിന്റെ വിജയം സമ്മാനിച്ചത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്.

സ്മൃതി ഇറാനി

എന്‍സിപിയുടെ രണ്ടുവോട്ടുകള്‍ ഭിന്നിച്ചു. ഒരു വോട്ട് കോണ്‍ഗ്രസിനും മറ്റൊന്നു ബിജെപിക്കും കിട്ടി. കോണ്‍ഗ്രസിനു വോട്ടുചെയ്തുവെന്നു പറഞ്ഞ ഏക ജെഡിയു എംഎല്‍എ ചോട്ടുഭായ് വാസവയെ പാര്‍ട്ടി പുറത്താക്കി. 182 അംഗ നിയമസഭയില്‍ നിലവിലുള്ള 176 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ഇതിനിടെ, തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ നളിന്‍ കൊടാഡിയ രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെ നളിന്‍ നടത്തിയ വെളിപ്പെടുത്തലും ബിജെപി ക്യാംപിന് വലിയ തിരിച്ചടിയായി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here