ഏത് വെല്ലുവിളി നേരിടാനും ഇന്ത്യന്‍ സേനകള്‍ സജ്ജം
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനീക കരുത്ത് വിളിച്ചറിയിച്ചുകൊണ്ട് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് രാജ്യസഭിയില്‍ നടത്തിയ പ്രസ്താവന ചൈനയ്ക്കും പാകിസ്ഥാനുമുള്ള മുന്നറിയിപ്പായി. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനെതിരെയുള്ള ഏതൊരു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സായുധ സേനകള്‍ക്ക് കരുത്തുണ്ടെന്ന ജയ്റ്റ്‌ലിയുടെ പ്രസ്താവന ചൈനയുമായി അതിര്‍ത്തിയില്‍ മുഖാമുഖം നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. 1962ലെ യുദ്ധത്തില്‍ നിന്നും പാഠം പഠിച്ചുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന.
പാകിസ്ഥാന്‍ 1948 മുതല്‍ കൈയടക്കി വച്ചിരിക്കുന്ന ജമ്മുകശ്മീരിന്റെ ഭാഗങ്ങള്‍ തിരിച്ചുപിടിക്കണമെന്നത്ഇന്ത്യന്‍ ജനതയുടെ ചിരകാല അഭിലാഷമാണെന്ന് രാജ്യസഭയില്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത് പാകിസ്ഥാനുള്ള താക്കീതായി.
മഹാത്മാഗാന്ധി 1942ല്‍ തുടങ്ങിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ പ്രത്യേക ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ”ഈ ദശാബ്ദങ്ങളില്‍ പല വെല്ലുവിളികളെയും ഇന്ത്യ നേരിട്ടു. ഈ ഓരോ വെല്ലുവിളികളിലും രാജ്യം ശക്തിപ്രാപിച്ചു എന്ന് നമുക്ക് അഭിമാനപൂര്‍വം പറയാം.” ജയ്റ്റ്‌ലി പറഞ്ഞു.
1962ല്‍ ചൈനയുമായുണ്ടായ യുദ്ധത്തില്‍നിന്നും നാം പാഠംപഠിച്ചു. സായുധ സേനകള്‍ക്ക് സ്വന്തമായി പൂര്‍ണ ശേഷി ഉണ്ടാകണമെന്നുള്ളതായിരുന്നു ആ പാഠം. ഇന്നും നമ്മുടെ അയല്‍രാജ്യങ്ങളില്‍ നിന്നും നാം വെല്ലുവിളികള്‍ നേരിടുന്നു. 1962നെ അപേക്ഷിച്ച് സായുധസേനകള്‍ 1965ലും 1971ലും ശക്തമായി. 1962ല്‍ ചൈന അടിച്ചേല്‍പ്പിച്ച ഒരു യുദ്ധത്തെ ഇന്ത്യ അഭിമുഖീകരിച്ചു. കനത്ത തിരിച്ചടി നേരിട്ടു. എന്നാല്‍ 1965ലും 1971ലും പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയശ്രീ ലാളിതരായി-ജെയ്റ്റ്‌ലി പറഞ്ഞു.
”ഇപ്പോഴും ചില വെല്ലുവിളികള്‍ ഉണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നു. ചിലര്‍ നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ഉന്നംവയ്ക്കുന്നു. ആ വെല്ലുവിളി കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്നായാലും, പടിഞ്ഞാന്‍ അതിര്‍ത്തിയില്‍ നിന്നായാലും രാജ്യത്തിന്റെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കാന്‍ നമ്മുടെ ധീരരായ സൈനീകര്‍ക്ക് ശേഷി ഉണ്ടെന്നകാര്യത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി ഏത് അര്‍പ്പണത്തിനും സായുധസേനക്ക് കഴിയും.” പ്രതിരോധമന്ത്രി പ്രസ്താവിച്ചു.
ദോക്‌ലാമില്‍ രണ്ടുമാസമായി നീളുന്ന ചൈനയുമായുള്ള മുഖാമുഖം എടുത്തുപറയാതെയുംള്ളതായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന.
സ്വാതന്ത്ര്യത്തിനു തൊട്ടുപിറകെ ജമ്മുകശ്മീരിന്റെ ഭാഗങ്ങള്‍ പാകിസ്ഥാന്‍ കൈയടക്കിയതിനെയും അദ്ദേഹം പരാമര്‍ശിച്ചു. ”സ്വാതന്ത്രത്തിനുശേഷം നാം പ്രതിസന്ധിയെ അഭിമുഖീകരിച്ചു. നമ്മുടെ അയല്‍ക്കാരന് കശ്മീരില്‍ ഒരു കണ്ണുണ്ടായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഒരു ഭാഗം വിഭജിക്കപ്പെട്ടത് ഇന്നും നമുക്ക് വിസ്മരിക്കാനാവില്ല. ആ ഭാഗം എങ്ങനെ തിരിച്ചുപിടിക്കാമെന്നത് ഇന്നും ഒരോ ഇന്ത്യക്കാരന്റെയും ആഗ്രഹമാണ്.”മന്ത്രി പറഞ്ഞു.
ഇന്ത്യയെ ശക്തമാക്കാനും, നതിയുക്തവും സാമ്പത്തികമായി പുരോഗമിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റാനം പ്രതിജ്ഞ എടുക്കേണ്ട ദിനമാണ് ഇന്നത്തേതെന്ന് രാജ്യസഭയിലെ നേതാവ് കൂടിയായ അരുണ്‍ ജെയ്റ്റ്‌ലി ഓര്‍മ്മിപ്പുച്ചു. ഭീകരത, രാഷ്ട്രീയം, മതം അങ്ങനെ എല്ലാത്തരം അക്രമങ്ങളില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കേണ്ട ആവശ്യകത മന്ത്രി എടുത്തുകാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here