കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 85 ശതമാനം സീറ്റുകളില്‍ അഞ്ച് ലക്ഷം രൂപ താല്‍ക്കാലിക ഫീസ് നിശ്ചയിച്ച് ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി ഇറക്കിയ ഉത്തരവനുസരിച്ച് പ്രവേശന നടപടികള്‍ സ്വീകരിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജിയിലെ ഇപ്പോഴത്തെ ഉത്തരവ് അന്തിമ ഉത്തരവിനു വിധേമായമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രവേശനവുമായി ബന്ധപ്പെട്ട കൗണ്‍സലിങിനെത്തുന്ന വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ പേരില്‍ എടുത്ത അഞ്ചു ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് നല്‍കണം. വിദ്യാര്‍ഥികള്‍ നല്‍കുന്ന ഡിമാന്റ് ഡ്രാഫ്റ്റിന് എന്‍ട്രന്‍സ് കമ്മിഷണര്‍ രസീത് നല്‍കണം. രസീതില്‍ പ്രവേശനം അനുവദിക്കുന്ന കോളജിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഇങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രസീത് ഹാജരാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതത് കോളേജുകള്‍ പ്രവേശനം നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡിഡിയായി വാങ്ങിയ ഫീസ് തുക എന്‍ട്രന്‍സ് കമ്മിഷണര്‍ പിന്നീട് കോളജിന് കൈമാറണം. സെപ്തംബര്‍ പത്തിനകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഇടക്കാല ഉത്തരവു നല്‍കുന്നതെന്ന് ഉത്തരവ് പറയുന്നു.
സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ച കോളജുകളില്‍ പരിയാരം മെഡിക്കല്‍ കോളജ് പത്ത് ലക്ഷം രൂപയും കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് എന്നിവ 11 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ അഞ്ച് ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റിനു പുറമേ ബാക്കി തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റി കൂടി നല്‍കണം. ഇതിലെ തുടര്‍ നടപടികള്‍ ഹര്‍ജികളിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
ഇതുവരെ സര്‍ക്കാര്‍ മൂന്നു കോളജുകളുമായി മാത്രമാണ് കരാര്‍ ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ഹൈക്കോടതി സര്‍ക്കാര്‍ ഇനിയൊരു കോളജുമായും കരാര്‍ ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മുമ്പു ഈ ഹര്‍ജികള്‍ പരിഗണിക്കവെ അഞ്ച് ലക്ഷം രൂപ താല്കാലിക ഫീസായി നിശ്ചയിച്ച് പ്രവേശന നടപടികള്‍ തുടരാന്‍ ഡിവിഷന്‍ ബെഞ്ച് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി പരിഗണിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി തിരിച്ചയച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജികള്‍ പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് വീണ്ടും ഇടക്കാല ഉത്തരവു നല്‍കിയത്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സിനെയും ഫീസ് നിര്‍ണയ കമ്മിറ്റിയെയും ചോദ്യം ചെയ്ത് കോഴിക്കോട് കെഎംസിടി, പാലക്കാട് കരുണ, മാഞ്ഞാലി എസ്എന്‍ മെഡിക്കല്‍ കോളജ് എന്നിവയടക്കമുള്ള സ്വാശ്രയ കോളജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നടപടികള്‍ ഹര്‍ജിയിലെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഫീസ് കൂട്ടി നിശ്ചയിക്കേണ്ടി വന്നാല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ അധികത്തുക അടയ്ക്കണമെന്നും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹര്‍ജികള്‍ അന്തിമ വാദത്തിനായി ഓഗസ്റ്റ് 21 ലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here