ദളിത് യുവതിയെ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

40

തിരുവനന്തപുരം: ദളിത് യുവതിയെ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സിപിഎം പ്രവര്‍ത്തകയായ ദലിത് യുവതിയെ മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദിച്ചെന്ന പരാതിയാണ് മുഖ്യമന്ത്രി നിഷേധിച്ചത്. ഇത്തരം പരാതികളൊന്നും പൊലീസിനു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരില്‍ എല്‍ഡിഎഫിനു ലഭിച്ച അഭിമാനകരമായ വിജയം മറച്ചുവയ്ക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനെ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ ഭാസ്‌കരന്‍ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണു പരാതി. മന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവാണ് ഭാസ്‌കരന്‍. സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനാല്‍ കേന്ദ്രനേതൃത്വത്തിനു ഷീല പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഭാസ്‌കരനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ചു ബുധനാഴ്ച തന്നെ ഷീല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തെ തുടര്‍ന്നാണ് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. .
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിനു വൈകിട്ടു പെരിഞ്ചേരി ബൂത്തിലാണു സംഭവം. ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍, ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണു പരാതി.
തുടര്‍ന്നു ഷീലയുടെ ഭര്‍ത്താവും ഇടതുസംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ പി രാജന്‍ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതിപ്പെടാന്‍ ഷീല ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ പിന്തിരിപ്പിച്ചു. എന്നാല്‍ പാര്‍ട്ടിക്കു പരാതി നല്‍കുമെന്ന നിലപാടില്‍ ഷീല ഉറച്ചുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here