ന്യൂഡല്‍ഹി: അന്യ സംസ്ഥാന ലോട്ടറി നടത്തിപ്പിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്. ജിഎസ്ടി സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി സംഭാഷണം നടത്തിയശേഷം കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറിക്ക് ഇരട്ടനികുതി ഏര്‍പ്പെടുത്തിയതിന് എതിരെ ഒരു നടത്തിപ്പ് സംരംഭം സിക്കിം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒിച്ച് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുക എന്നതാണ് പ്രാഥമിക കര്‍ത്തവ്യം. മിസോറാം സര്‍ക്കാരിന് വേണമെങ്കില്‍ ലോട്ടറി നേരിട്ട് നടത്താം. അതില്‍ ഇടനിലക്കാര്‍ പാടില്ല. ഇല്ലാത്ത സമ്മാനങ്ങളുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അനുവദിക്കില്ല.
കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മിസോറാം സര്‍ക്കാരിനോ ഇടനിലക്കാര്‍ക്കോ കഴിയില്ല. അവരുടെ ലോട്ടറി നടത്തിപ്പ് നിയമവിരുദ്ധമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സിക്കിം ലോട്ടറിയുടെ വില്‍പന നേരത്തെ നിരോധിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തന്റേടപരമായ നിലപാടിനെ കേരളം സ്വാഗതം ചെയ്യുന്നു.
ഒരു സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി ലോട്ടറി വില്‍പന നടത്തുന്നതിന് 12% നികുതിയും അല്ലാതെ നടത്തുന്നതിന് 28% വുമാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. ഇത് വിവേചനപരമാണെന്നായിരുന്നു സിക്കിം സര്‍ക്കാരിന്റെ വാദം. ഈ വാദം കേരള സര്‍ക്കാരിനെ മാത്രമല്ല ജിഎസ്ടി കൗണ്‍സിലിനെ കൂടി വെല്ലുവിളിച്ചു കൊണ്ടുള്ളതാണ്.
18 നാണ് കേസിന്റെ വാദം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തോടൊപ്പം കേരളവും കേസില്‍ കക്ഷി ചേരും. സമാന മനസ്‌കരായ പഞ്ചാബ്, ഗോവ, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ കൂടി ഏകോപിപ്പിച്ച് മുന്നോട്ട് നീങ്ങും. ഹൈദരാബാദില്‍ ഇനി ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഭാവിനടപടികള്‍ സ്വീകരിക്കും. ജിഎസ്ടി കൗണ്‍സിലിന് എതിരായ ആദ്യ കേസ് എന്ന നിലയില്‍ ഇതിനെ വളരെ ഗൗരവപൂര്‍വം കാണുന്നതായും ധനമന്ത്രി അറിയിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here