സ്വാതന്ത്രത്തിന് നിയന്ത്രണങ്ങള്‍ വന്നതോടെ വളര്‍ച്ച മുരടിച്ചെന്ന് കുഞ്ഞാലിക്കുട്ടി

28

കൊച്ചി: രാജ്യത്ത് ഫാഷിസ്റ്റ് പ്രവണതകള്‍ ശക്തമാവുകയും സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ വരികയും ചെയ്തതോടെ രാജ്യത്തിന്റെ വളര്‍ച്ച മുരടിച്ചെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. മുസ്ലിം സംഘടകളുടെ കൂട്ടായ്മയായ മുസ്‌ലിം സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ വര്‍ഗീയ ഫാസിസത്തിനും ന്യുനപക്ഷ ദലിത് വേട്ടക്കെതിരെയും സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വളര്‍ച്ച ഉള്‍പ്പടെ രാജ്യത്തിന്റെ പുരോഗതി പിന്നോട്ട് പോകുകയാണ്. ജനാധിപത്യത്തില്‍ ഉറച്ചുനിന്നതിനാലാണ് രാജ്യത്തിന് വളര്‍ച്ചകൈവരിക്കാന്‍ കഴിഞ്ഞത്. ഏല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വളര്‍ച്ചയാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ചില പണക്കാര്‍ക്ക് മാത്രമാണ് വളര്‍ച്ചയുണ്ടാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടാവേണ്ടത് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യമുണ്ടാവുമ്പോള്‍ മാത്രമെ ചരിത്രമടക്കമുള്ള വിഷയങ്ങളില്‍ ശരിയായ രീതിയിലുള്ള പഠനം ഉണ്ടാവുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്,
മാധ്യമങ്ങള്‍ക്കടക്കം സ്വതന്ത്രമായി കാര്യങ്ങള്‍ പറയാന്‍ കഴിയുന്ന സാഹചര്യമില്ല. എന്ത് പറയണം ,ഏത് വരെ പറയാം എന്നകാര്യത്തില്‍ രാജ്യത്തെ മീഡിയയ്ക്കും എഴുത്തുകാര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ ഫാസിസ്റ്റ് രീതി ഇന്ത്യയുടെ മനസാക്ഷിക്ക് എതിരാണ്. രാജ്യത്ത് ഫാഷിസ്റ്റ് സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവുമുണ്ടാവുമെന്നും അതാണ് ഇന്ന് രാജ്യത്തന്റെ പലഭാഗത്തും കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് നടക്കുന്ന ദലിത് പീഢനങ്ങളെകുറിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നപ്പോള്‍ ദലിത് പീഢനമില്ലെന്ന് സ്ഥാപിക്കാനാണ് ദലീത് പീഢനങ്ങള്‍ നടത്തുന്നവരും അതിനെ പിന്തുണക്കുന്നവരും ശ്രമിച്ചത്. രാജ്യത്ത് ഒരു വിഭാഗത്തന് അരക്ഷിതത്വ ബോധമുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നടത്തിയ അഭിപ്രായപ്രകടനത്തോട് ഉത്തരവാദപ്പെട്ട പലരും നടത്തിയ പ്രതികരണം നാമെല്ലാവരും കണ്ടാതാണ്, ഇഷ്ടപ്പെട്ടത് മാത്രമെ പറയാവും ഇഷ്ടമില്ലാത്തത് പറയാന്‍ പാടില്ല എന്നതില്‍നിന്നാണ് ഇത്തരം പ്രതികരണങ്ങളുണ്ടാവുന്നതെന്നും ഇതെല്ലാം ഫാഷിസത്തിന്റെ ലക്ഷണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ വി കെ ഇബ്രാഹീം കുഞ്ഞ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, പി.ടി തോമസ് എംഎല്‍എ, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ള കോയ മദനി, ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, അബൂബക്കര്‍ ഫൈസി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ)ടി.എ വേണു (കെപിഎംഎസ്) ,അഡ്വ.പി ചന്ദ്രശേഖരന്‍ (എപിസിആര്‍), ഷമീര്‍ മദിനി (വിസ്ഡം ഗ്‌ളോബല്‍ മിഷന്‍), അബ്ദുല്‍ ജബ്ബാര്‍ സഖാഫി ( സുന്നി ജംഇയ്യത്തുല്‍ ഉലമ -കാന്തപുരം), ബഷീര്‍ വഹബി അടിമാലി ( സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ) കെ എസ് ഹംസ (മുസ്ലിംലീഗ്) എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനറും സമസ്ത ജില്ലാ ജനറല്‍സെക്രട്ടറിയുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂക്കി നന്ദിയും പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here