ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

57

കൊച്ചി: നടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിനിമാ താരം ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹൈക്കോടതി ഹര്‍ജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. മുമ്പു ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ജൂലായ് 24ന് ഹൈക്കോടതി തള്ളിയിരുന്നു.
കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലായതിനാല്‍ ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഉ്ള്ള പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി തള്ളിയത്.
മാധ്യമങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ മാസങ്ങളായി ദുഷ്ടലാക്കോടെ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതു നിമിത്തമാണ് കേസില്‍ അറസ്റ്റിലാകാന്‍ കാരണമെന്നു ഹര്‍ജിയില്‍ പറയുന്നു. പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. കേസുമായി ബന്ധമില്ലാത്ത തന്നെ തകര്‍ക്കാനുള്ള എളുപ്പ വഴിയായി ചിലര്‍ കണ്ടെത്തിയതാണ് ഇക്കേസ്. 140 സിനിമകളിലഭിനയിച്ച് ജനപ്രിയനായി മാറിയ തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനായി ചിത്രീകരിച്ചു. ഇത്തരം നടപടികള്‍ നിയമപരമല്ലെന്നും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ജാമ്യമനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ വാദം.
കഴിഞ്ഞ ജൂലായ് പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും തന്റെ ആദ്യ വിവാഹ ജീവിതം തകരാനിടയാക്കിയ നടിയോടുള്ള പക നിമിത്തം ദിലീപാണ് ഇവരെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ദിലീപ് ജയിലിലാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here