ദിലീപിന് ജാമ്യമില്ല: ഓണം ജയിലില്‍

  1065

  ഇനിയുള്ള വഴി സുപ്രീംകോടതിയെ സമീപിക്കുക
  കൊച്ചി (സ്വന്തം ലേഖകന്‍): യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളി. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്. ഇനി സുപ്രീം കോടതിയെ സമീപിക്കുകയേ വഴിയുള്ളു. ദിലീപ് അമ്പത് ദിവസമായി ആലുവ സബ് ജയിലിലാണ്. റിമാന്‍ഡ് തടവുകാരനായി സബ്ജയിലിലാകും ഇത്തവണ ദിലീപിന്റെ ഓണം.
  കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ താരം പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു .
  കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു.
  ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് റജിസ്റ്റര്‍ ചെയ്തതു കള്ളക്കേസ് ആണെന്നും നടനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദിച്ച ദിലീപിന്റെ അഭിഭാഷകന്‍ പ്രോസിക്യൂഷന്റെ ഓരോ വാദത്തെയും എതിര്‍ത്തു.
  പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗം കോടതില്‍ വാദിച്ചത്. പള്‍സര്‍ സുനിയുമായി ചേര്‍ന്ന് താരം ഗൂഢാലോചന നടത്തിയെന്നത് വിശ്വസനീയമല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
  പൊലീസിന്റെ തിരകഥയാണ് കേസെന്ന ദിലീപിന്റെ വാദംകോടതി അംഗീകരിച്ചില്ല.
  എന്നാല്‍, ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പ്രതിരോധം. ദിലീപിനെ ‘കിങ് ലയര്‍’ ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷന്‍ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു. സുനില്‍കുമാറിനെ പാര്‍പ്പിച്ചിരുന്ന കാക്കനാട് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് കേസില്‍ ദിലീപിനുള്ള പങ്ക് സുനി പറഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഈ പൊലീസുകാരന്റെ ഫോണില്‍ നിന്നും സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള കടയിലേക്കു വിളിച്ചതായും മൊഴിയുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here